സമയത്തിന് വരാനാകില്ലെങ്കില്‍ ഇനി വരണ്ടായേന്നു ഓട്ടോരിക്ഷക്കാരനോടു തറപ്പിച്ചു പറഞ്ഞിട്ടാണ് ലതിക ഓഫീസിന്‍റെ പടികള്‍ കയറിയതു. ഇന്നിനി
എന്തൊക്കെയാവും ഡി എമ്മിന്റെ പരാതികള്‍ എന്ന ചിന്തയായിരുന്നു മനസ്സില്‍ മുഴുവനും. വാതില്‍ തള്ളി തുറന്നു അകത്തേയ്ക്
കയറുമ്പോള്‍ പതിവ് പോലെ ചിത്രയും വിനോദുമായി വഴക്കാരംഭിച്ചിരുന്നു. ക്യാമ്പസില്‍
നിന്നിറങ്ങി ഇത്ര കാലമായിട്ടും ഈ കുട്ടികള്‍ക്ക് ഒരു പക്വതയും ഇല്ലാലോ എന്ന് ലതിക
മനസ്സില്‍ കരുതി.
വന്നു കയറിയ പാടെ തന്നെ ഒന്നും രണ്ടു പറഞ്ഞു പതിവുപോലെ ഉടക്കാനുള്ള മൂഡിലാണ്
ചിത്രാ മാഡം എന്ന് മനസിലാക്കിയത് കൊണ്ട് തന്നെ സിസ്റ്റം ഓണ്‍ ചെയ്തു മിണ്ടാതെ
ഇരിക്കുകയായിരുന്നു വിനോദ്. എന്നിട്ടും ഇങ്ങോട്ട് വന്നു തലേന്ന് ബാക്കി വെച്ച
പരാതി ഭാണ്ഡം കെട്ടഴിച്ചു തുടങ്ങിയപ്പോള്‍ വിനോദിന്റെ
നിയന്ത്രണം വിട്ടു പോയി. അവന്റെ സബ്ദം ഉയര്‍ന്നു തുടങ്ങിയപ്പോഴായിരുന്നു ലതിക
അങ്ങോട്ട് കയറി വന്നത്.
വന്ന പാടെ ഒരു ചെറു ചിരിയോടെ വിനോദിനെ വിളിച്ചു അടുത്തിരുത്തി അറ്റന്ടെന്‍സ്
രെജിസ്റ്റര്‍ എടുത്തു കൈയ്യില്‍ കൊടുത്ത് തല്കലത്തെയ്കു ആ വഴക്ക് അവിടെ
അവസാനിപ്പിച്ചു. രേഗിസ്റെരിലെ ഒഴിഞ്ഞു കിടക്കുന്ന കോളം കണ്ടിട്ടാണ് ഹരി
എത്തിയിട്ടില്ലലോ എന്ന് ലതിക ശ്രദ്ധിച്ചത്. സാധാരണ വന്നു കയറുമ്പോള്‍ തന്നെ അവന്റെ
വക ഒരു ഗുഡ് മോര്‍ണിംഗ് പതിവുള്ളതാണ്. ഒന്നിരുന്നപ്പോഴെയ്കും ചേച്ചി ചായയുമായി
എത്തി. പുതിയ മരുമകളുടെ വിശേഷങ്ങളും പറഞ്ഞു ചേച്ചി നടന്നു. ഓഫീസിലെ തിരക്ക്
തുടങ്ങുകയായി.
രാവിലെ തന്നെ പെയ്ത മഴയെ ശപിച്ചു കൊണ്ടാണ് ഹരി ട്രെയിനില്‍ ഓടി കയറിയത്. മഴ
കാരണം ഇന്ന് ട്രിച്ചി പാസഞ്ചര്‍ കിട്ടിയില്ല എന്ന് മാത്രമല്ല, ആകെ നനഞ്ഞു നാശമായി.
ശശി ഏട്ടനും സുമേഷും എല്ലാം പാസഞ്ചര്‍ഇല്‍ പോയിട്ടുണ്ടാവണം.മീനക്ഷിയോടും രാവിലെ
വെറുതെ വഴക്കിട്ടു. നിനച്ചിരിക്കാതെ രാവിലെ മഴ വന്നതിനു പാവം അവള്‍ എന്ത് പിഴച്ചു.
ഇനി താമസിച്ചു ഓഫീസില്‍ എത്തുമ്പോള്‍ എന്ത് പുകിലായിരിക്കുമോ ആവോ. ഒന്ന് വിളിച്ചു
പറയാന്‍ ഫോണില്‍ ചാര്‍ജുമില്ല. താമസിച്ചതിനഉള്ള ലതികാ മാഡത്തിന്റെ പരിഭവം, ഒരു
പൊതി പലഹാരത്തില്‍ ഒതുക്കാം എന്ന് ഓര്‍ത്തു ഹരി ബാഗില്‍ നിന്നും പാതി നനഞ്ഞു പോയ
പത്രം പതിയെ നിവര്‍ത്തി.
ക്യാബിന്റെ വാതില്‍ മെല്ലെ തുറന്നു അംഗവിക്ഷേപങ്ങളോടെ വരുന്ന ഡി എമ്മിനെ കണ്ടു
ലതിക ഊറി ചിരിച്ചു കൊണ്ട് അരികെ നിന്ന വിനുവിനോട് പറഞ്ഞു, ദാ നിന്റെ ദോശ ചേട്ടന്‍
വരുന്നുണ്ട് ! താന്‍ മനസ്സില്‍ കരുതുന്ന കാര്യങ്ങളെല്ലാം, അത് എത്ര അപ്രായോഗികമാണ്
എങ്കിലും ദോശ ചുട്ടു അടുക്കുന്നത് പോലെ നടന്നു കിട്ടണം എന്ന ദുര്‍വാശി അയാള്‍ക്
ചാര്‍ത്തി കൊടുത്ത പേരായിരുന്നു അത്. വന്ന പാടെ ഹരിയെവിടെ എന്നാണ് ഡി എം
ചോദിച്ചത്. തലേന്ന് ഏതോ ഒരു ഫയല്‍ രാവിലെ വരുമ്പോള്‍ തന്നെ കാബിനില്‍
എത്തിയ്കാമെന്ന് ഹരി അയാളോട് പറഞ്ഞിരുന്നു. എനിയ്ക്കരിയില്ലേ എന്നമട്ടില്‍ ആമയെ
പോലെ ഫയലില്‍ തല പൂഴ്ത്തി ഇരുന്നതല്ലാതെ വിനോദും ഗായത്രിയും ഒന്നും മിണ്ടിയില്ല. താമസിക്കുമെങ്കില്‍
ഒന്ന് വിളിച്ചു പറഞ്ഞു കൂടെ ഇവനു എന്ന് സ്വരം താഴ്ത്തി പറഞ്ഞു കൊണ്ടു, ലതിക ഡി
എമ്മിന്റെ കൂടെ ക്യാബിനിലേക്ക് നടന്നു. മാഡത്തിന്റെ പരിഭവം തീര്‍ക്കാന്‍
എന്തെങ്കിലും പലഹാരങ്ങളുമായി ഹരി ഇപ്പോള്‍ വരുമെന്ന് പറഞ്ഞു വിനോടും ഗായത്രിയും
മെല്ലെ ചിരിച്ചു.
ഒരു പോളിത്തീന്‍ ഷീറ്റില്‍ ഊഴം കാത്തു ഗവ: മോര്‍ച്ചറിയില്‍ അനാഥ പ്രേതമായി
വിറങ്ങലിച്ചു കിടക്കുകയായിരുന്നു ഹരിയപ്പോള്‍. അവന്റെ ചുരുണ്ട് പോയ കൈകളില്‍
രാവിലെ വാങ്ങിയ ലഡ്ഡുവിന്റെ തരികള്‍ അപ്പോഴും പറ്റിയിരുപ്പുണ്ടായിരുന്നു.
.................
No comments:
Post a Comment