മൗനത്തിന്റെ മഹാഗോപുരത്തിൽ ഏകാന്തതയുടെ കരിമ്പടം പുതച്ചു
സ്വയം ദൂരെയൊഴിഞ്ഞു അയാളിരിന്നു,
മഴയുടെ സ്വരഗതിയോ ഒഴുകിയെത്തിയ കർക്കിടക കാറ്റോ,
ചിതറിയെത്തിയ പ്രാവിൻ കുറുകലോ വണികന്റെ വാണിഭ വഴിയൊച്ചകളോ ഒന്നുമറിയാതെ.
ചില നേരം ഒസാക്കയുടെ തെരുവുകളിലും, മറ്റു ചിലപ്പോൾ മയ്യഴിയുടെ തീരങ്ങളിലും
പരിചിത മുഖങ്ങൾ തിരഞ്ഞു അയാൾ നടന്നു,
സ്വയം നടന്ന വഴികളേക്കാൾ അയാൾക്കപ്പോൾ പരിചയം
അക്ഷരക്കൂട്ടുകാർക്കൊപ്പം നടന്ന കാണാത്ത വഴിയോര കാഴ്ചകളായിരുന്നു.
ഈ കഥയൊന്നുമറിയാതെ പെയ്തു തിമിർത്തു കനത്തു മഴക്കാറുകൾ
തോരാത്ത മഴയിൽ കുതിർന്നു മൺഭിത്തികൾ
വഴിതെറ്റിവന്ന പുഴ വീട്ടിലേയ്ക്കതിഥിയായെത്തിയതും
തുളവീണ തകര പാളികൾക്കിടയിലൂടെ നീർച്ചാലുകൾ
അക്ഷരകൂട്ടുകാരെയോക്കയും വായിച്ചുതീർക്കുന്നതും ഒന്നുമറിയാതെ
മൗനത്തിന്റെ മേലങ്കി പുതച്ചു ഏകാന്തതയുടെ ചുവരുകൾ തീർത്തു
പുസ്തകത്താളുകളിൽ പതിഞ്ഞ അക്ഷരക്കൂട്ടുകൾ
ഒരു വറ്റും കളയാതെ കൊതി തെല്ലും കുറയാതെ പാനം ചെയ്തു
അക്ഷരകൂട്ടുകാർ കല്പിച്ച ലോകത്തിൽ സ്വയം അയാളൊരു കഥയായി.